ദില്ലി: ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകൾ 50 ശതമാനം വർധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കാനുള്ള പുതിയ ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട ബില്ലിന്റെ പുതിയ പതിപ്പാണിത്.
പുതിയ നിർദേശപ്രകാരം ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും നിലവിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം ഉയർത്തും. മണ്ഡല പുനർനിർണയം നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലാകും. മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കാനും വനിതകൾക്കായി സംവരണം ചെയ്യുന്ന മണ്ഡലങ്ങൾ വിവിധ മണ്ഡലങ്ങളിലേക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ റൊട്ടേഷൻ എങ്ങനെ നടപ്പാക്കണമെന്ന് കമ്മീഷൻ നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭയുടെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്താനും സംസ്ഥാനങ്ങൾക്കായി 815 സീറ്റും കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 35 സീറ്റും നിശ്ചയിക്കാനുമാണ് നിർദേശം. പുതുക്കിയ സീറ്റ് വിന്യാസവും മണ്ഡല അതിർത്തികളും 2051 വരെ മാറ്റമില്ലാതെ തുടരാനാണ് ബില്ലിലെ വ്യവസ്ഥയെന്നും റിപ്പോർട്ടുകളുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന സീറ്റുകളുടെ വിഹിതം കുറയുമെന്ന ആശങ്ക പരിഹരിക്കാനാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ വർധന നിർദേശിച്ചതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പറഞ്ഞു. കേരളത്തിന്റെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആകുമെന്നും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ സീറ്റുകൾ 129ൽ നിന്ന് 195 ആയി ഉയരുമെന്നും നായിഡു വ്യക്തമാക്കി. ആകെ സീറ്റുകളിലെ ദക്ഷിണേന്ത്യയുടെ വിഹിതം 23.76 ശതമാനമായി തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശരദ് പവാറിന്റെ എൻ.സി.പി. (എസ്.പി.) ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ 50 ശതമാനം സീറ്റ് വർധന ഉറപ്പാക്കണമെന്ന നിലപാടോടെയാണ് പിന്തുണയെന്ന് പാർട്ടി വക്താവ് ജിതേന്ദ്ര ആവ്ഹാദ് അറിയിച്ചു. അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട് നിർണായകമാകും; ഭരണഘടനാ ഭേദഗതി പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

