ന്യൂഡൽഹി: 2026-ലെ ഏഷ്യ പവർ ഇൻഡക്സിൽ പ്രാദേശിക നേതൃത്വ റാങ്കിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങാണ് പട്ടികയിൽ ഒന്നാമത്. ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.
ആഭ്യന്തര വെല്ലുവിളികളും സാമ്പത്തിക ശേഷിയിലുണ്ടായ നേരിയ ഇടിവും നിലനിൽക്കുമ്പോഴും ഏഷ്യൻ മേഖലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ നിർണായകമായെന്ന് ഹണ്ടർ മാർസ്റ്റണും ജാക്ക് സാറ്റോയും തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര സ്വാധീനത്തിൽ ഇന്ത്യ 70.3 പോയിന്റ് നേടി. ഏഷ്യയിലുടനീളം നയതന്ത്ര സ്വാധീനം കുറഞ്ഞ വർഷത്തിലെ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
അന്താരാഷ്ട്ര നയതന്ത്രത്തിൽ ഇന്ത്യ കാഴ്ചക്കാരനായി ഒതുങ്ങുകയാണെന്നും പ്രധാന ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യയുടെ അസാന്നിധ്യം സ്വാധീനം കുറയുന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ വിമർശിച്ചിരുന്നു. ഈ രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
പ്രാദേശിക നേതൃത്വത്തിൽ മുന്നേറ്റം
പ്രാദേശിക നേതൃത്വ റാങ്കിങ്ങിൽ മോദി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ആഗോള നേതൃത്വത്തെക്കുറിച്ചുള്ള വിലയിരുത്തലിൽ സമാനമായ മുന്നേറ്റം ഉണ്ടായില്ല. ഗൾഫ് സംഘർഷത്തിനിടെ ഇന്ത്യ സ്വീകരിച്ച താരതമ്യേന നിശ്ശബ്ദമായ നയതന്ത്ര നിലപാടുകളാണ് ഇതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിച്ച നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയൻ നാവികസേനാ കപ്പൽ അമേരിക്കൻ അന്തർവാഹിനി മുക്കിയ സംഭവത്തിൽ ഇന്ത്യയുടെ പ്രതികരണം ദുർബലമായിരുന്നുവെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. മേഖലയ്ക്ക് പുറത്തുള്ള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ പ്രതികരണം ആഗോളതലത്തിലെ സ്വാധീനത്തെ ബാധിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
ഏഷ്യയിലെ ശക്തിസന്തുലനത്തിൽ അമേരിക്കയും ചൈനയുമാണ് ഇപ്പോഴും മുന്നിൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 5.3 പോയിന്റായി കുറഞ്ഞു. 2018-ൽ ഏഷ്യ പവർ ഇൻഡക്സ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അന്തരമാണിത്. ഇറാൻ സംഘർഷം കൈകാര്യം ചെയ്ത രീതിയും പസഫിക് മേഖലയിലെ സൈനിക വിഭവങ്ങൾ പിൻവലിച്ചതും അമേരിക്കയുടെ നയതന്ത്ര സ്വാധീനത്തെയും മേഖലയോടുള്ള പ്രതിബദ്ധതയെയും ബാധിച്ചതായി റിപ്പോർട്ട് പറയുന്നു. അതേസമയം, സൈനിക നവീകരണത്തോടൊപ്പം ഏഷ്യയിലുടനീളം നയതന്ത്ര-സാംസ്കാരിക സ്വാധീനം വർധിപ്പിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു.
പ്രതിരോധം, വ്യാപാരം, സംസ്കാരം
പ്രതിരോധ ശൃംഖലയിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18.6 പോയിന്റോടെ ഒൻപതാമതെത്തി. പ്രാദേശിക പ്രതിരോധ സഹകരണം വർധിച്ചതും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ബ്രഹ്മോസ് മിസൈൽ വിൽപ്പനയുമാണ് ഈ മുന്നേറ്റത്തിന് സഹായകമായതെന്ന് റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക ബന്ധങ്ങളുടെ വിഭാഗത്തിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ ഏഴാമതായി. 2026-ൽ ഈ വിഭാഗത്തിൽ സ്കോർ കുറയാത്ത അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാംസ്കാരിക വിനിമയങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിൽ ഇന്ത്യയുടെ സ്കോർ 43.8 ആയി ഉയർന്നു.
മൊത്തത്തിലുള്ള കരുത്തിൽ 40.5 പോയിന്റോടെ ഇന്ത്യ ഏഷ്യയിലെ പ്രധാന ശക്തിയായി നിലകൊള്ളുന്നു. എന്നാൽ ചൈനയുടെ മൊത്തത്തിലുള്ള കരുത്ത് ഇന്ത്യയേക്കാൾ ഏകദേശം 80 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ശേഷി വിഭാഗത്തിൽ ഇന്ത്യയുടെ സ്കോർ 26.4 ആയി കുറഞ്ഞു. രൂപയുടെ മൂല്യത്തകർച്ച, സമ്പദ്വ്യവസ്ഥ അളക്കുന്നതിനുള്ള അന്താരാഷ്ട്ര നാണയനിധിയുടെ മാനദണ്ഡങ്ങളിലെ മാറ്റം, വിദേശ നിക്ഷേപത്തിലുണ്ടായ ഏകദേശം 20 ബില്യൺ ഡോളറിന്റെ ഇടിവ് എന്നിവയാണ് ഇതിന് കാരണമായി റിപ്പോർട്ട് പറയുന്നത്.
അതേസമയം, ഇന്ത്യയുടെ ദീർഘകാല സാധ്യതകൾ ശുഭസൂചന നൽകുന്നു. ഭാവി വിഭവശേഷി സൂചികയിൽ ഇന്ത്യ 56.2 പോയിന്റ് നേടി. ലഭ്യമായ വിഭവങ്ങളെ യഥാർത്ഥ സ്വാധീനമാക്കി മാറ്റാനുള്ള ശേഷി അളക്കുന്ന ‘പവർ യീൽഡ്’ വിടവ് 2023-ന് ശേഷം ആദ്യമായി കുറയ്ക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞതായി റിപ്പോർട്ട് വിലയിരുത്തുന്നു.

