ന്യൂഡൽഹി: ആസിയാൻ–ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി ഫിലിപ്പൈൻസിലെ മനിലയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യ–അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് സാധ്യതയുള്ള കൂടിക്കാഴ്ച ശ്രദ്ധ നേടുന്നത്. ഇറക്കുമതിത്തീരുവ, വീസ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാനും വ്യാപാര ചർച്ചകളിൽ പുരോഗതി കൈവരിക്കാനും അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും അമേരിക്കയുടെ തുടർനിലപാടുകളും പ്രസക്തമാകും.
മനിലയിൽ ക്വാഡ് നേതാക്കളുടെ യോഗം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗത്തിന് ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. എന്നാൽ യോഗം സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
സമുദ്രസുരക്ഷ, വ്യാപാര സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയ്ക്കാണ് മോദിയുടെ മനില സന്ദർശനത്തിൽ പ്രധാന പരിഗണന. ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇൻഡോ–പസഫിക് മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതും ചർച്ചകളുടെ ഭാഗമാകും.

