കർണാടകയിൽ 2019ൽ കാണാതായ 35കാരിയെ പൊലീസ് ജീവനോടെ കണ്ടെത്തി. കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന പാണ്ഡവപുര സ്വദേശി എൻ. മഞ്ജുവിനെ മണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ മായിഗോനഹള്ളിയിൽ രണ്ടാം ഭർത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട രാജേഷ് 30 മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ആദ്യ വിവാഹത്തിൽ സന്തുഷ്ടയായിരുന്നില്ലെന്നും അതിനാലാണ് ചാമരാജനഗർ സ്വദേശിയായ നാഗേന്ദ്രനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. ഒരു വർഷത്തോളം തമിഴ്നാട്ടിൽ താമസിച്ച ശേഷം മായിഗോനഹള്ളിയിലേക്ക് മാറുകയായിരുന്നു. പിതാവ് പൊലീസിൽ പരാതി നൽകിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും കൊലക്കേസിൽ പ്രതിയാക്കപ്പെട്ട രാജേഷുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മഞ്ജു പറഞ്ഞു. ഇക്കാര്യത്തിൽ മൊഴി നൽകാൻ തയ്യാറാണെന്നും അവർ അറിയിച്ചു.
പാണ്ഡവപുര സ്വദേശിയായ നാഗരാജുവിന്റെ മകളാണ് മഞ്ജു. ശ്രീരംഗപട്ടണം താലൂക്കിലെ നീലനകൊപ്പലു ഗ്രാമവാസിയായ മഞ്ജുനാഥിനെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. 2019ൽ അസുഖബാധിതയായതിനെ തുടർന്ന് മഞ്ജു ചികിത്സയ്ക്കായി പിതാവിന്റെ വീട്ടിലെത്തി. സെക്യൂരിറ്റി ജീവനക്കാരനായ നാഗരാജു ജോലിക്കുപോയ സമയത്ത്, ജൂൺ 23ന് മഞ്ജുവിനെ കാണാതായി. ജൂലൈ മൂന്നിനാണ് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകിയത്.

