ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിനടുത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും നിരവധി ട്രെയിനുകൾ വൈകിയോടുകയും ചെയ്യുന്നു.
പാളം തെറ്റിയ ട്രെയിനിന്റെ പിൻഭാഗം ഷൊർണൂർ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ്. പ്രധാന പാതയിലുണ്ടായ തടസ്സത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ്.
റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളം തെറ്റിയ ബോഗികൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. യാത്രക്കാർ തങ്ങളുടെ ട്രെയിനുകളുടെ പുതുക്കിയ സമയവിവരം പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

