തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാതാപിതാക്കൾ വാഹനങ്ങൾ വിറ്റൊഴിവാക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുന്ന സംഭവങ്ങളിൽ മാതാപിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ മാത്രം പൂർണമായി കുറ്റപ്പെടുത്താനാകില്ലെന്നും അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾ നിർദേശങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ വാഹനങ്ങൾ വിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബസുകളുടെ അമിതവേഗത്തിന് നിലവിലെ സമയക്രമമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റർ പിന്നിടാൻ സ്വകാര്യ ബസുകൾക്ക് രണ്ടര മിനിറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചി, കണ്ണൂർ തുടങ്ങിയ നഗരങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിനിടെ ഈ സമയത്തിനുള്ളിൽ ദൂരം പിന്നിടുക പ്രയാസമാണ്. ഗതാഗതക്കുരുക്ക് ബസുകളുടെ സമയക്രമം തെറ്റിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസുകൾക്ക് ‘ഫ്ലെക്സിബിൾ ടൈമിങ്’ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.

