
ബഹ്റൈൻ: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ.) 120ഓളം വനിതാ ഗാർഹിക തൊഴിലാളികൾക്കായി സ്തനാർബുദ ബോധവത്കരണവും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. ഒക്ടോബർ 23ന് ഐ.എൽ.എ.യുടെ ആസ്ഥാനത്ത് അൽ ഹിലാലുമായി സഹകരിച്ചായിരുന്നു പരിപാടി.

സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക, നേരത്തേ പരിശോധന നടത്തുക, പതിവ് ആരോഗ്യപരിശോധനയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അൽ ഹിലാലിലെ ഡോ. നുസ്രത്ത് നയിച്ച ഒരു മണിക്കൂർ നീണ്ട ബോധവത്കരണ ക്ലാസിൽ രോഗലക്ഷണങ്ങളെക്കുറിച്ചും സമയബന്ധിതമായ വൈദ്യോപദേശത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.

തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവർക്ക് ഡോക്ടറോട് സംശയങ്ങൾ ചോദിക്കാനും മാർഗനിർദേശം തേടാനും അവസരം ലഭിച്ചു. അൽ ഹിലാൽ പതിവ് ആരോഗ്യപരിശോധനകളും രക്തപരിശോധനകളും ഒരുക്കി. സ്തനാർബുദ പരിശോധന കൂടുതൽ പ്രാപ്യമാക്കുന്നതിനായി പങ്കെടുത്തവർക്ക് സ്ക്രീനിങ് വൗച്ചറുകളും നൽകി.

സ്ത്രീകളുടെ ക്ഷേമത്തിനും എല്ലാവർക്കും ആരോഗ്യവിവരങ്ങളും പ്രതിരോധപരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ സംരംഭത്തിലൂടെ ഐ.എൽ.എ. വീണ്ടും വ്യക്തമാക്കി. ‘സേവനമാണ് പ്രധാനം’ എന്ന സംഘടനയുടെ മുദ്രാവാക്യത്തിന്റെ ഭാഗമായി, സമൂഹസംഘടനകളും ആരോഗ്യപരിപാലന സ്ഥാപനങ്ങളും കൈകോർക്കുമ്പോൾ ബോധവത്കരണവും നേരത്തെയുള്ള രോഗനിർണയവും ശക്തിപ്പെടുത്താനാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.


