
മുഹറഖ്: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും മോട്ടോർ സിറ്റി ബഹ്റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിങ്ക് ഡ്രൈവ്’ ക്യാമ്പയിന് തുടക്കമായി. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുക, രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുക, പ്രതിരോധ ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സൗജന്യ സ്തനാർബുദ പരിശോധനകൾ നടത്തും. ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമുള്ളവർക്ക് മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് സ്കാനിങ് എന്നിവയും സൗജന്യമായി ലഭിക്കും. ബഹ്റൈനിലെ അൽ ഹിലാലിന്റെ 11 ശാഖകളിലൂടെയും ഈ സേവനം ലഭ്യമാകും.

സ്തനാർബുദം തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണെന്നും സ്വന്തം ആരോഗ്യം മാറ്റിവെക്കുന്ന സ്ത്രീകൾക്ക് ക്യാമ്പയിൻ സഹായമാകുമെന്നും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയില്ലാതെ പരിശോധനകൾ ലഭ്യമാക്കുന്നത് സ്ത്രീകൾക്ക് ആരോഗ്യസംരക്ഷണത്തിന് ഉടൻ തീരുമാനമെടുക്കാൻ സഹായിക്കുമെന്ന് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് വ്യക്തമാക്കി.
ചടങ്ങിൽ സി.എ. സഹൽ ജമാലുദ്ദീൻ, ഫ്രാങ്കോ ഫ്രാൻസിസ്, മുനവ്വിർ ഫൈറൂസ്, മോട്ടോർ സിറ്റി ബഹ്റൈൻ ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ, മനോജ് പിള്ള, അംജേഷ് അശോകൻ, ഷെലിൻ ചാക്കോ, മിഷാൽ റജബ് തുടങ്ങിയവർ പങ്കെടുത്തു. സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൻ ബോധവൽക്കരണ പ്രഭാഷണം നടത്തി. പദ്ധതിയുടെ അവതരണവും ഔദ്യോഗിക പ്ലാക്കാർഡ് വിതരണവും ഫ്ലാഗ് ഓഫും ചടങ്ങിന്റെ ഭാഗമായി നടന്നു.


