
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും സംഘത്തെയും ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു.

സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും രാജാവും ഫ്രഞ്ച് പ്രസിഡന്റും ചർച്ച ചെയ്യും.

രാജാവിന്റെ മാനുഷിക പ്രവർത്തന–യുവജനകാര്യ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ഒന്നാം ഉപാധ്യക്ഷനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.

രാജാവിനും ഫ്രഞ്ച് പ്രസിഡന്റിനും ഓണർ ഗാർഡിന്റെ സൈനിക അഭിവാദ്യം നൽകി. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്കൂളുകളിലെ വിദ്യാർഥികൾ പ്രസിഡന്റിനെ സ്വാഗതം ചെയ്തു. പരമ്പരാഗത ബഹ്റൈനി അർദ നൃത്തവും അരങ്ങേറി.

തുടർന്ന് രാജാവും ഫ്രഞ്ച് പ്രസിഡന്റും കുതിരപ്പടയുടെ അകമ്പടിയോടെ സാഖിർ കൊട്ടാരത്തിലേക്ക് തിരിച്ചു. അവിടെ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ ഫ്രാൻസിന്റെയും ബഹ്റൈന്റെയും ദേശീയഗാനങ്ങൾ ആലപിക്കുകയും പ്രസിഡന്റിനോടുള്ള ആദരസൂചകമായി 21 തവണ പീരങ്കിവെടി മുഴക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾ.


