
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് കത്തീഡ്രൽ പെരുന്നാളിനും വാർഷിക കൺവെൻഷനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്ന് തുടക്കമായി. രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാ. തോമസ്കുട്ടി പി ൻ സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. തോംസൺ റോബി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കോടിയേറ്റ് നടത്തി.
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നിലകൊള്ളുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പ്രാർത്ഥനകളോടും കൂടി ആചരിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്ക് കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷനിൽ ഫാ. ഡോ. തോംസൺ റോബി ഒക്ടോബർ 4,5,6 ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും.
പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാർമ്മികത്വത്തിൽ
2026 ഒക്ടോബർ 8 നു വ്യാഴാഴ്ച സന്ധ്യാ നമസ്കാരത്തെ തുടർന്നു പ്രദക്ഷിണവും മധ്യസ്ഥപ്രാർത്ഥനയും ശ്ലൈഹിക വാഴ്വും , 9നു വിശുദ്ധ മൂന്നിന്മേൽ കുർബാന, കൊടിയിറക്ക്, നേർച്ച യോടു കൂടി പെരുന്നാൾ സമാപിക്കും.
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ ഈ പെരുന്നാൾ ഏവർക്കും അനുഗ്രഹത്തിന്റെ അവസരമായി മാറട്ടെയെന്ന പ്രാർത്ഥനയോടെയാണ് പെരുന്നാൾ ആഘോഷങൾക്ക് ഇടവക ഒരുങ്ങുന്നതെന്നു ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു.


