ആലപ്പുഴ: എസ്എൻഡിപി യോഗം ആർഎസ്എസിന് വിധേയപ്പെട്ടിട്ടില്ലെന്നും ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല സംഘടനയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചത്.
ശബരിമല വിഷയമുണ്ടായപ്പോൾ തന്നെ തലയിൽ ചുമന്നുനടന്നവർക്ക് ഇപ്പോൾ താൻ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്റെ കഴിവുകൊണ്ടാണ് തുടർച്ചയായി രണ്ടു തവണ ഭരണം ലഭിച്ചത്. അന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവർ തോൽവിക്കുശേഷം ചവിട്ടിത്താഴ്ത്തിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
കോൺഗ്രസിലെ നിലവിലെ അഭിപ്രായഭിന്നതകളെ ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’ എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കോൺഗ്രസിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണ്. പ്രശ്നങ്ങൾ ഹൈക്കമാൻഡ് പരിഹരിക്കുമെന്നും ഇതിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് ഇപ്പോൾ മാർക്കിടാനാവില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രി വി.ഡി. സതീശൻ ശൈലി മാറ്റണമെന്നും ആവശ്യപ്പെട്ടു. പിണറായിയുടെ ശൈലി മാറണമെന്ന് ആവശ്യപ്പെട്ടവർ അതേ സ്ഥാനത്തെത്തിയപ്പോൾ ‘എടാ, വാടാ’ വിളികൾ നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പദവിയിലാണെന്ന കാര്യം സതീശൻ പലപ്പോഴും മറന്നുപോകുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ചയുണ്ടെന്നും ദീർഘവീക്ഷണമുള്ള പദ്ധതികളിലൂടെ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരുന്നുക്ഷാമം ആരോഗ്യമന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ പുലർത്തണം. തിരുവനന്തപുരത്തുണ്ടായ സംഘർഷം ഭീകരമായിരുന്നെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അതേസമയം, കെ.എം. ഷാജിയുടെ മുൻകാല മതപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മന്ത്രിയാക്കിയതിനെ വിമർശിക്കുകയും ചെയ്തു.
സിപിഎം സ്വന്തം തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് കോട്ടകളിൽപ്പോലും തോൽവിയുണ്ടായതിന്റെ കാരണങ്ങൾ പാർട്ടി പരിശോധിക്കണം. ‘രോഗത്തിന് മരുന്ന് കണ്ടെത്തി പാർട്ടി തന്നെ ചികിത്സിക്കട്ടെ’ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയുടെ രണ്ടു സ്ഥാനാർഥികൾ വിജയിച്ചത് എൻഎസ്എസ് വോട്ടുകൾ ലഭിച്ചതുകൊണ്ടാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

