
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ഐ.എൽ.എ) സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ച് സാമൂഹിക വികസന മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവി. അസോസിയേഷൻ പ്രതിനിധി സംഘം മന്ത്രിയുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയിലാണ് സംഘടനയുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്.
ഐ.എൽ.എയുടെ നിലവിലുള്ള ജീവകാരുണ്യ പദ്ധതികളും വരാനിരിക്കുന്ന പ്രധാന പരിപാടികളും പ്രതിനിധി സംഘം മന്ത്രിയോട് വിശദീകരിച്ചു. സംഘടനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ‘സ്നേഹ റീക്രിയേഷൻ സെന്ററിന്റെ’ പ്രവർത്തനങ്ങളും പ്രത്യേക കമ്മ്യൂണിറ്റി സേവനങ്ങളും ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അസോസിയേഷൻ നടപ്പിലാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും മന്ത്രി വിലയിരുത്തി.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ബഹ്റൈനിലെ സാമൂഹിക ക്ഷേമ രംഗത്ത് ഐ.എൽ.എ നൽകിവരുന്ന നിസ്വാർത്ഥ സേവനങ്ങളെയും സംഭാവനകളെയും മന്ത്രി പ്രശംസിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായുള്ള സംഭാഷണത്തിൽ സംഘടനയുടെ സേവന മാതൃകയെ അഭിനന്ദിച്ച അദ്ദേഹം, ഇത്തരം സാമൂഹിക കൂട്ടായ്മകൾക്ക് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പൂർണ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തു.


