കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ നിയമപരമായോ ധാർമ്മികമായോ തെറ്റില്ലെന്നും, തനിക്കെതിരെ പ്രചരിപ്പിച്ച ചില ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ ഏകപക്ഷീയമായ പ്രചാരണം നടക്കുകയാണെന്ന് കെ.എം. ഷാജി ആരോപിച്ചു. സിപിഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണം ചില മാധ്യമങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
വിവാദമായ വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റെ അനുമതിയോടെയാണ് ഉപയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും, വാഹനം ഉപയോഗിച്ചതിന് പകരമായി ആരിൽനിന്നും ആനുകൂല്യം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് നിയമമോ ചട്ടമോ ഇല്ലെന്നും, സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് നിലപാടെന്നും കെ.എം. ഷാജി പറഞ്ഞു. എന്നാൽ വ്യക്തിഗത വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ കാറിന് മുന്നിൽ താൻ നിൽക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണെന്നും, ചിത്രം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ അതിന്റെ യാഥാർഥ്യം പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി വിമർശിച്ചു.
തന്റെ യാത്രകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും ഉയർന്നെങ്കിലും നിയമവിരുദ്ധമായോ അധാർമ്മികമായോ ഒന്നും ചെയ്തിട്ടില്ലെന്ന് കെ.എം. ഷാജി പറഞ്ഞു. പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ ഉണ്ടായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ വാഹനം വീണ്ടും ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉറപ്പായി പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ കഴിഞ്ഞ കാലയളവിലെ അഴിമതി ആരോപണങ്ങൾ പരിശോധിക്കുമെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.

