
മനാമ: ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. പ്രവാസി മലയാളികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാതെ, ഖജനാവിന് അധിക ബാധ്യത സൃഷ്ടിച്ച ‘ധൂർത്ത് സഭ’യായി ലോക കേരളസഭ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇടതുസർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാഗമായി രൂപീകരിച്ച ലോക കേരളസഭ സാധാരണ പ്രവാസികൾക്ക് പ്രയോജനപ്പെട്ടില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചു. സഭ പിരിച്ചുവിടാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇതിലൂടെ സാധാരണ പ്രവാസികളുടെ നന്ദി മുഖ്യമന്ത്രിയെ അറിയിക്കുന്നതായും ബഷീർ അമ്പലായി പറഞ്ഞു.
അതേസമയം, സാധാരണ പ്രവാസികൾക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ഭാവിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്ന നടപടികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഷീർ അമ്പലായി ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി. പ്രസിഡന്റുമാണ്.


