തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരോക്ഷമായി പരിഹസിച്ച് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച് വൃത്തിയുള്ളതാണെന്നും നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, ശുചിമുറി, ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യം, പൂന്തോട്ടം, പ്രത്യേക ഭക്ഷണം എന്നിവ അവിടെയുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജയിൽ വകുപ്പ് ഡിജിപിയായിരുന്ന കാലത്ത് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് താനാണെന്നും ഇപ്പോൾ അത് ആർക്കെങ്കിലും നല്ലരീതിയിൽ പ്രയോജനപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. തച്ചങ്കരിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് കുറിപ്പെന്നാണ് വിലയിരുത്തൽ. പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത്.
ഒരേ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ശ്രീലേഖയും തച്ചങ്കരിയും ഒരേകാലത്ത് പൊലീസ് സർവീസിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ നേരത്തെയും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരിയെ കോടതി ശിക്ഷിച്ചത്. നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

