മലപ്പുറം: സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികളുടെയോ വ്യക്തികളുടെയോ അഭിപ്രായത്തിനും താൽപര്യത്തിനും അനുസരിച്ച് ഇസ്ലാമിക നിയമങ്ങൾ തിരുത്തിപ്പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.
മതകാര്യങ്ങളിൽ പണ്ഡിതന്മാർ അഭിപ്രായം പറയുന്നത് വിശദമായ ആലോചനയ്ക്കും ഗ്രന്ഥപരിശോധനയ്ക്കും ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ പ്രഖ്യാപിച്ച മതവിധി വ്യക്തികൾക്കോ പാർട്ടികൾക്കോ വേണ്ടി മാറ്റിപ്പറയുന്ന പതിവ് സമസ്ത പണ്ഡിതന്മാർക്കില്ലെന്നും കാന്തപുരം പറഞ്ഞു.
“ഞങ്ങൾ വളരെയധികം ആലോചിക്കുകയും ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഒരു വിധി പറയുന്നത്. പിന്നീട് അത് മാറ്റിപ്പറയില്ല. ജമാഅത്തിനുവേണ്ടി നിലപാടുകൾ പറയാനും അത് സ്വീകരിച്ച് പ്രവർത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ. അവ തിരുത്തിക്കാനോ മുടക്കാനോ ആർക്കും സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിൽ സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്നും ഖുർആൻ നിർദേശിക്കുന്നതായി കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പർദ നിർബന്ധമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരേ വേദി പങ്കിടുന്നത് വിലക്കി സമസ്ത സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമർശങ്ങൾ.
വിയോജിപ്പ് അറിയിച്ച് അൻവർ ഇബ്രാഹിം
കാന്തപുരത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രതികരിച്ചു. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങളും അവകാശങ്ങളും നൽകുന്നുണ്ടെന്നും ആവശ്യമായാൽ ഇക്കാര്യം കാന്തപുരത്തോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരത്തെ പരമ്പരാഗത മതപണ്ഡിതനെന്ന് വിശേഷിപ്പിച്ച അൻവർ ഇബ്രാഹിം, അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കേണ്ടതില്ലെന്ന് പറഞ്ഞു. കാന്തപുരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജുകളിലെ വിദ്യാർഥിനികൾ പഠനം പൂർത്തിയാക്കിയ ശേഷം ആശുപത്രികളിൽ ജോലി ചെയ്യുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളാണ് നൽകുന്നത്. ഞങ്ങളുടെ സർവകലാശാലകളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. എന്റെ ഭാര്യ ഡോക്ടറാണ്. പെൺമക്കൾ ഉൾപ്പെടെ എല്ലാ മക്കൾക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള അവസരം നൽകിയിട്ടുണ്ട്,” അൻവർ ഇബ്രാഹിം പറഞ്ഞു.
എല്ലാ മതപണ്ഡിതന്മാരുടെയും കാഴ്ചപ്പാടുകളോട് എല്ലാവരും യോജിക്കണമെന്നില്ലെന്നും അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളും അംഗീകരിക്കേണ്ട നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം വ്യക്തമാക്കി.
മർകസ് സന്ദർശിക്കും
കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അൻവർ ഇബ്രാഹിം രാത്രി 7.30 മുതൽ 9.30 വരെ മർകസ് സന്ദർശിക്കും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മർകസിൽ നടക്കുന്ന ചടങ്ങിൽ കാന്തപുരം അദ്ദേഹത്തിന് സമ്മാനിക്കും.
തുടർന്ന് മടവൂർ സി.എം. മഖാം സന്ദർശിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി അവിടെ ഏകദേശം 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി പത്തോടെ താമസസ്ഥലത്തേക്ക് മടങ്ങും.

