ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾ സുസ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും നവീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ബ്രിക്സ് ഉച്ചകോടിയുടെ സമാപനദിനത്തിൽ മോദി പറഞ്ഞു.
കണക്റ്റിവിറ്റിയിൽ ബ്രിക്സ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരസ്പര സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ ഒരുമിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്ത് സംഘർഷങ്ങളുടെ എണ്ണം നിരന്തരം വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നും പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ, വിതരണശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി.
അതേസമയം, സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം. ഇത്തരം നടപടികൾ രാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിതരണശൃംഖലയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വിശ്വസനീയവും ശക്തവുമായ സംവിധാനത്തിന് സഹായകമാകുമെന്നും മോദി വ്യക്തമാക്കി. പകർച്ചവ്യാധികളെ നേരിടുന്നതിനായി ആരംഭിച്ച ബ്രിക്സ് ഏർലി വാണിങ് സിസ്റ്റം വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഇൻക്യൂബേറ്റർ നെറ്റ്വർക്ക് അംഗരാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളെ പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കും. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

