ചെന്നൈ: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ അനധികൃതമായി പ്രവേശിച്ച് മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് സംഭവം.
വ്യാസാർപടി സ്വദേശികളായ സതീഷ് കുമാർ, ദിനേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മരണവിവരം അറിഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ദിനേഷ് കുമാർ ടിവികെ പ്രവർത്തകനാണെന്നും പൊലീസ് വ്യക്തമാക്കി.
മോർച്ചറിയിൽ പ്രവേശിക്കുന്നതിനായി ജീവനക്കാരന് 200 രൂപ കൈക്കൂലി നൽകി താക്കോൽ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് അകത്തുകയറിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെയും ഇവരെ സഹായിച്ച മോർച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

