മനാമ: ഇസ്ലാമിക പ്രതീകങ്ങളെയും ആദരണീയ മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. ബഹ്റൈൻ മൈനർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ശിക്ഷ ഉടൻ നടപ്പാക്കാനും കോടതി ഉത്തരവിട്ടതായി സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ അറിയിച്ചു.
സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഭംഗം വരുത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും ചെയ്യുന്ന പരാമർശങ്ങളാണ് പ്രതി പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മതപണ്ഡിതരെയും ആദരണീയരായ ഇസ്ലാമിക വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പങ്കുവെച്ചതായും അധികൃതർ വ്യക്തമാക്കി.
അഴിമതി വിരുദ്ധ, സാമ്പത്തിക–ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക വിവരങ്ങൾ പരിശോധിച്ചശേഷം പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ അറിയിച്ചത്. തുടർന്ന് ലഭ്യമായ ഡിജിറ്റൽ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച് പ്രതിയെ റിമാൻഡ് ചെയ്യുകയും കേസ് ക്രിമിനൽ കോടതിയിലേക്ക് കൈമാറുകയും ചെയ്തു.
മതവികാരങ്ങളെയും ആദരണീയ മതപ്രതീകങ്ങളെയും വ്രണപ്പെടുത്തുന്നതും സാമൂഹിക സൗഹാർദം തകർക്കുന്നതുമായ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

