മലപ്പുറം: ‘ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് തിരുനാവായ കൊടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മജ്ലിസിനെതിരെയാണ് പ്രതിഷേധമുയർന്നത്.
അബു അലവി എന്നയാളുടെ നേതൃത്വത്തിൽ നടന്ന മജ്ലിസിൽ ഭക്തിവിശ്വാസം ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 1,000 രൂപയിൽ ലേലം ആരംഭിക്കുകയും ഒടുവിൽ 2,500 രൂപയ്ക്ക് യുവാവിന് നൽകുകയും ചെയ്തതായാണ് വിവരം.
ജിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശരീരം മൂടിപ്പുതച്ച് മജ്ലിസിൽ ഇരിക്കുകയും പഴത്തിൽ മന്ത്രിച്ചൂതിയശേഷം ലേലം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പഴം കഴിച്ച ഉടൻതന്നെ അത്ഭുതം കാണാനാകുമെന്നായിരുന്നു നടത്തിപ്പുകാരുടെ അവകാശവാദം.
എന്നാൽ പഴം കഴിച്ചിട്ടും യാതൊരു മാറ്റവും സംഭവിക്കാതിരുന്നതോടെ തട്ടിപ്പാണെന്ന ആരോപണം ശക്തമായി. വിവരം അറിഞ്ഞ് കൂട്ടമായെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയും കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.

