തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാട് മാറ്റുന്ന സാഹചര്യമുണ്ടായാൽ അത് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ താൻ നടത്തിയ പ്രതികരണം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോഴും ലഭ്യമാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രം പോസ്റ്റ് ചെയ്തപ്പോൾ ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ അത് കുറച്ചുസമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ നിലപാട് മാറ്റമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അദ്ദേഹം തള്ളി. നേതാക്കളുമായുള്ള കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പുതന്നെ നിശ്ചയിച്ചതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ തിരുവനന്തപുരത്തെത്തുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
വാർത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞ് തലേദിവസം രാത്രിതന്നെ നേതാക്കൾ തിരുവനന്തപുരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാന്തപുരം വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

