ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കെ.പി.സി.സി അന്വേഷണത്തിൽ പുതിയ വിവാദം. ഡൽഹിയിലായതിനാൽ അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഹരിദാസ്, പിന്നീട് പാലക്കാട്ടെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് കെ.സി. വേണുഗോപാൽ നഗരത്തിലെത്തിയത്. ഇതിനിടെയായിരുന്നു രമ്യ ഹരിദാസുമായുള്ള കൂടിക്കാഴ്ച. തനിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരം തേടിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം.
രമ്യ ഹരിദാസുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഡൽഹിയിൽനിന്ന് തിരിച്ചെത്തിയശേഷം നേരിട്ട് മൊഴി കേൾക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസൻ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ ഇതിനിടെ അവർ പാലക്കാട്ടെത്തിയെന്ന റിപ്പോർട്ടാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്.
സംഘർഷസമയത്ത് രമ്യയ്ക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരായ നടപടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രമ്യയുടെ കൂടിക്കാഴ്ചയെന്നാണ് ചില പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.
എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഇതുവരെ രമ്യ ഹരിദാസിൽനിന്ന് ഫോണിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് അവരുടെ വിശദീകരണം നേരിട്ട് കേട്ടശേഷമായിരിക്കും സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

