മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ മൂന്നുദിവസത്തേക്ക് നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി യു.എസ്. പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിലെത്തിയതിന് പിന്നാലെയാണ് തീരുമാനം.
യു.എസ്. പ്രതിനിധികളുടെ സന്ദർശനകാലത്ത് കീവ് ആക്രമണം നടത്തില്ലെന്നും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി നേരത്തേ ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങളുമായാണ് വിറ്റ്കോഫും കുഷ്നറും മോസ്കോയിലെത്തിയതെന്നാണ് വിവരം.
റഷ്യൻ അധികൃതരുമായും പ്രസിഡന്റ് പുടിനുമായും ചർച്ച നടത്തിയശേഷം യു.എസ്. സംഘം കീവിലേക്ക് തിരിക്കും. അവിടെ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ഇരുവരും കീവ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
റഷ്യൻ മിസൈൽ ആക്രമണങ്ങളും യുക്രെയ്നിന്റെ ഡ്രോൺ തിരിച്ചടികളും ശക്തമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ സമാധാനനീക്കം. ചർച്ചകളുടെ പുരോഗതി റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

