
മനാമ: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. പൗരന്മാരും പ്രവാസികളും ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും കൈക്കലാക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. അതിനാൽ സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാതെയും ഔദ്യോഗികമാണെന്ന് ഉറപ്പാക്കാതെയും പണമിടപാടുകൾ നടത്തരുത്.
ട്രാഫിക് പിഴകൾ ബഹ്റൈൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ അടയ്ക്കാവൂവെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൈഗവ് (MyGov) മൊബൈൽ ആപ്പും ദേശീയ ഇ-ഗവൺമെന്റ് പോർട്ടലായ bahrain.bh-ഉം ഇതിനായി ഉപയോഗിക്കാം.
ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കാതെ അവ അവഗണിക്കണമെന്നും സ്വകാര്യ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കുവയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ജാഗ്രതാ നിർദേശം പുറത്തുവിട്ടത്.


