കൊച്ചി: സ്ത്രീകൾ പൊതുവേദികളിലും നിരത്തുകളിലും പങ്കെടുക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടണമെന്ന നിലപാട് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ മുസ്ലിം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കു പുറമേ ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവരായും മുസ്ലിം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും യോഗങ്ങളിൽ പങ്കെടുക്കുന്നതും പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുംകൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. നിരവധി വിദ്യാഭ്യാസ–സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.
ഇസ്ലാമിക ആഘോഷങ്ങളുടെ ഭാഗമായി യുവതികളെ പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ ‘പ്രദർശിപ്പിക്കുന്നതും’, ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ആഘോഷങ്ങളുമായി കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് യോജിച്ചതല്ലെന്നായിരുന്നു സമസ്ത നേതാക്കളുടെ പ്രസ്താവന. മഹല്ല് തലത്തിലോ മറ്റിടങ്ങളിലോ സംഘടിപ്പിക്കുന്ന പരിപാടികൾ മതപരമായ മൂല്യങ്ങളും അച്ചടക്കവും പാലിച്ചായിരിക്കണമെന്നും വരുംതലമുറയ്ക്ക് സന്മാർഗപരമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

