കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 165 കടന്നു. വിദേശ വിനോദസഞ്ചാരികളും കൈലാസ്–മാനസരോവർ തീർഥാടകരുമടക്കം നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

നേപ്പാളിലെ റാസുവ, നുവാക്കോട്ട് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പ്രളയത്തിൽ നിരവധി ഗ്രാമങ്ങളും വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. ദുർഘടമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഹെലികോപ്റ്ററുകളും ആയിരക്കണക്കിന് രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കാണാതായവരിൽ കുറഞ്ഞത് 133 ഇന്ത്യക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും കൈലാസ്–മാനസരോവർ തീർഥാടകരാണ്. തഞ്ചാവൂരിൽനിന്നുള്ള സംഘത്തിലെ 37 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, നേപ്പാളിലെത്തിയ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
കാണാതായ വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി നേപ്പാൾ സർക്കാർ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ മരുന്നും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. രക്ഷാ–ദുരിതാശ്വാസ സഹായം അതിവേഗം ലഭ്യമാക്കിയ ഇന്ത്യയ്ക്ക് നേപ്പാൾ നന്ദി അറിയിച്ചു.

പ്രളയബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഈ നമ്പറുകളിൽ വാട്സ്ആപ്പ് വഴിയും ബന്ധപ്പെടാം:
- +977 985 131 6807
- +977 970 910 7500
- +977 981 032 6117
നേപ്പാൾ ടൂറിസ്റ്റ് പൊലീസ് സഹായത്തിന് 1144 എന്ന ടോൾഫ്രീ ഹോട്ട്ലൈൻ നമ്പറിലോ +977 9851289445 എന്ന നമ്പറിലോ ബന്ധപ്പെടാം.

