വാഷിങ്ടൺ: റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം. റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം, റഷ്യൻ എണ്ണയെയും പ്രകൃതിവാതകത്തെയും കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനംവരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
‘ലിൻഡ്സി ഒ. ഗ്രഹാം സാങ്ക്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ബിൽ 86നെതിരെ 11 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്. റഷ്യൻ ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾക്കും റഷ്യയുടെ ഊർജമേഖലയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന അഞ്ച് രാജ്യങ്ങൾക്കുമെതിരെയാണ് തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് പ്രധാനമായും ബില്ലിന്റെ പരിധിയിൽ വരുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും നടപടിയുടെ പരിധിയിൽ ഉൾപ്പെട്ടേക്കും. എന്നാൽ, തീരുവ ഏർപ്പെടുത്തുന്നതിലും പിന്നീട് പിൻവലിക്കുന്നതിലും അമേരിക്കൻ പ്രസിഡന്റിന് വിവേചനാധികാരം ഉണ്ടായിരിക്കും.
റഷ്യയ്ക്കെതിരായ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് യുക്രെയ്നുള്ള പിന്തുണ ശക്തമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. റഷ്യൻ ഉദ്യോഗസ്ഥർക്കും ഊർജമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള നിർദേശങ്ങളും നിയമനിർമാണത്തിലുണ്ട്. ഇറാന്റെ ഊർജ, ആയുധ മേഖലകളിലേക്കുള്ള ധനസഹായം നിയന്ത്രിക്കുന്ന ഉപരോധ നടപടികൾ തടസ്സമില്ലാതെ തുടരുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ തുടർന്നാണ് ഇറാനെതിരായ കൂടുതൽ നടപടികൾ ബില്ലിന്റെ ഭാഗമാക്കിയതെന്നാണ് റിപ്പോർട്ട്.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാളും ചേർന്നാണ് ഉഭയകക്ഷി ബില്ലിന് നേതൃത്വം നൽകിയത്. 2025-ൽ അവതരിപ്പിച്ച നിയമനിർമാണം ഒരു വർഷത്തിലേറെയായി വോട്ടെടുപ്പിനായി കാത്തിരിക്കുകയായിരുന്നു. സെനറ്റിൽ ഇരുപാർട്ടികളുടെയും ശക്തമായ പിന്തുണ ലഭിച്ചതോടെ ജനപ്രതിനിധിസഭയിലും ബിൽ പാസാകാനുള്ള സാധ്യത വർധിച്ചു. വേനൽക്കാല ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31ന് ജനപ്രതിനിധിസഭ വീണ്ടും ചേരുമ്പോൾ ബിൽ പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷ.

