മുംബൈ: വീട്ടിലെത്തുന്ന സന്ദർശകരെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പൊലീസ് സബ് ഇൻസ്പെക്ടറെ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള തന്റെ വസതിയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് ഉദ്യോഗസ്ഥൻ തടയുകയും സന്ദർശകരെ നിരീക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഭീഷണിയും വസതിയിലെ തിരക്കും കണക്കിലെടുത്താണ് ദീപ്കെയ്ക്ക് സർക്കാർ സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ, ആരെ കാണണമെന്നും കാണരുതെന്നും തീരുമാനിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ദീപ്കെ വ്യക്തമാക്കി.
വെള്ളിയാഴ്ച വസതിയിലുണ്ടായിരുന്ന എസ്ഐയോടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോടും ദീപ്കെ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സന്ദർശകരെ വീട്ടിലേക്ക് കടത്തിവിടാത്തതിനെ ചോദ്യം ചെയ്ത ദീപ്കെ, “നിങ്ങൾ എന്തിനാണ് ഡൽഹി പൊലീസിനെപ്പോലെ പെരുമാറുന്നത്? ഇവിടെ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആരെ കാണണമെന്ന് തീരുമാനിക്കാൻ പൊലീസ് പറയേണ്ടതില്ല. നിങ്ങളുടെ സേവനം എനിക്ക് ആവശ്യമില്ല; ദയവായി പുറത്തുപോകൂ,” എന്ന് എസ്ഐയോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാം.
മറ്റൊരു ദൃശ്യത്തിൽ, സുരേഷ് എന്ന എസ്ഐ തന്നെ കാണാനെത്തുന്നവരോട് മോശമായി പെരുമാറുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി ദീപ്കെ മുതിർന്ന ഉദ്യോഗസ്ഥനോട് ഫോണിലൂടെ പരാതിപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥനെ ഉടൻ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സിഐഡി ഉദ്യോഗസ്ഥർ വേഷംമാറി വീടിന് സമീപം നിരീക്ഷണം നടത്തുന്നുണ്ടെന്നും ദീപ്കെ ആരോപിച്ചു. ‘ഹിറ്റ് സ്പ്രേ’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതായി ഒരു റിപ്പോർട്ടർ അറിയിച്ചുവെന്നാണ് ദീപ്കെയുടെ വാദം.
വീടിന് സമീപം കണ്ട ചില ഉദ്യോഗസ്ഥരെ പൊലീസ് മാറ്റാൻ ശ്രമിച്ചപ്പോൾ തങ്ങൾ സിഐഡിയിൽനിന്നുള്ളവരാണെന്ന് അവർ വെളിപ്പെടുത്തിയതായും ദീപ്കെ പറഞ്ഞു. ഉദ്യോഗസ്ഥരിൽ ഒരാളുടെ ഫോണിൽ ‘ഹിറ്റ് സ്പ്രേ’ വാട്സ്ആപ്പ് ഗ്രൂപ്പ് തുറന്ന നിലയിൽ റിപ്പോർട്ടർ കണ്ടതായും അദ്ദേഹം ആരോപിച്ചു. ദീപ്കെയുടെ ആരോപണങ്ങളിൽ പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

