മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്.) ‘ഗുരുകാരുണ്യ സ്പർശം’ പദ്ധതിയിലൂടെ കുടുംബാംഗമായ ഷിബുവിനും, വിജിക്കും പത്തനംതിട്ട ജില്ലയിൽ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം വർണ്ണാഭമായ ചടങ്ങുകളോടുകൂടി നിർവഹിക്കുകയുണ്ടായി.

സമൂഹനന്മയുടെയും കാരുണ്യത്തിന്റെയും മനോഹരമായ മാതൃകയായി,സൊസൈറ്റി ‘ഗുരുകാരുണ്യ സ്പർശം’ എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ നിർമ്മിച്ച നൽകിയ പുതിയ ഭവനം. ജി.എസ്.എസ്. കുടുംബാംഗം എന്നതിലുപരി ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തിനാണ് വീട് കൈമാറിയത്. ഈ ഭവന നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങി നൽകാൻ രണ്ട് ജി.എസ്.എസ്. കുടുംബാംഗങ്ങൾ സഹായിക്കുകയും, തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് 3 കിടപ്പുമുറി സൗകര്യങ്ങളോടുകൂടിയ മനോഹരമായ വീട് നിർമ്മിച്ച് നൽകുകയും ഉണ്ടായി.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, പ്രമുഖ വ്യവസായിയും ബഹ്റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ ശ്രീ. കെ.ജി. ബാബുരാജൻ ഓൺലൈനിലൂടെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ആത്മീയ ആചാര്യന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ, ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ പുതിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.

ചടങ്ങിൽ ബ്രഹ്മശ്രീ ശിവനാരായണ തീർത്ഥ സ്വാമികളും ബ്രഹ്മശ്രീ വീരേശ്വരാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി. ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ജി.എസ്.എസ്. ചെയർമാൻ ശ്രീ. സനീഷ് കൂറുമുളിൽ ചടങ്ങിൽ വ്യക്തമാക്കി. ജി.എസ്.എസ്സിന്റെ നിരവധി സഹൃദയരായ അംഗങ്ങളുടെയും, പ്രത്യേകിച്ചും ശ്രീ. കെ.ജി. ബാബുരാജന്റെയും മറ്റ് സുഹൃത്തുക്കളുടെയും ഉദാരമായ പിന്തുണയാണ് ഈ സ്വപ്നസാക്ഷാത്കാരത്തിന് കാരണമായതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

ഭംഗിയുള്ള ഈ വീട് കൃത്യസമയത്ത് പൂർത്തിയാക്കി നൽകിയ കരാറുകാരൻ ശ്രീ. രതീഷ് നായരെ ജി.എസ്.എസ് ചെയർമാൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സമൂഹത്തിൽ പിന്നോക്കും നിൽക്കുന്ന ജനങ്ങളെ ചേർത്തു നിർത്തുവാൻ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജി.എസ്.എസ് തുടർന്നും നടപ്പാക്കുമെന്ന്, ചടങ്ങിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി ശ്രീ. ബിനുരാജ് രാജൻ അറിയിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. ദേവദത്തൻ എ.ഡി. ചടങ്ങിന് നന്ദി പ്രകാശനം ചെയ്തു. ജി.എസ്.എസ് കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.

