ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് താൽക്കാലികമായി നീക്കിയ സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നിരുപാധികം മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി. മൂന്നുദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ മെറ്റയുടെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അധ്യക്ഷനായ പാർലമെന്ററി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർദേശം നൽകിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ വീഡിയോയാണ് ഏതാനും മണിക്കൂറുകൾ ഫെയ്സ്ബുക്കിൽ ലഭ്യമല്ലാതായത്. സാങ്കേതിക തകരാറാണ് കാരണമെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും നിലപാട്. സമിതി മെറ്റയോട് വിശദമായ രേഖാമൂലമുള്ള മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നും ജനാധിപത്യ സംവിധാനത്തിലുള്ള ഇടപെടലായി ഇതിനെ കാണേണ്ടിവരുമെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
മെറ്റയ്ക്ക് പുറമേ ഗൂഗിൾ, യൂട്യൂബ്, എക്സ്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും സമിതി കർശന നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരായ ലൈംഗിക അധിക്ഷേപ ഉള്ളടക്കങ്ങളും മൂന്നുദിവസത്തിനകം നീക്കം ചെയ്യണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ഐ.ടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള ‘സേഫ് ഹാർബർ’ പരിരക്ഷയാണ് ഉപയോക്താക്കൾ പ്രസിദ്ധീകരിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾക്ക് പ്ലാറ്റ്ഫോമുകളെ നേരിട്ട് ഉത്തരവാദികളാക്കുന്നതിൽനിന്ന് സംരക്ഷിക്കുന്നത്. ഈ പരിരക്ഷ നഷ്ടപ്പെട്ടാൽ കമ്പനിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കുന്ന സാഹചര്യമുണ്ടാകാം.

