ആലുവ: എടത്തലയിലെ വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് പോക്സോ കേസ് അതിജീവിതയായ 16കാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമുതലാണ് കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കുടുംബവും പരാതി നൽകി.
കരുനാഗപ്പള്ളിയിൽനിന്നുള്ള പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി എടത്തലയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു.
കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായി പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം തന്റെ ഫോൺ ഉപയോഗിച്ച് കുട്ടി ഒരാളെ വിളിച്ചതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. അന്വേഷണത്തിൽ ഈ ഫോൺവിളി കായംകുളം സ്വദേശിയായ 19കാരനും പോക്സോ കേസിലെ പ്രതിയുമായ യുവാവിനാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയിരിക്കാമെന്ന് സംശയിക്കുന്നത്.
ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കുട്ടി യാത്ര ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ കണ്ടതായി ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി വിവരങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകൾക്കും റെയിൽവേ പൊലീസിനും കൈമാറിയിട്ടുണ്ട്.

