ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് സിജെപി. ഇനി ഒരു മന്ത്രിയുടെയും ഓഫീസിലേക്കോ വസതിയിലേക്കോ ചർച്ചയ്ക്കായി പോകില്ലെന്നും നിഷ്പക്ഷ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. എന്നാൽ ഈ ക്ഷണം സിജെപി നിരസിച്ചു. മന്ത്രിമാർക്ക് ചർച്ച നടത്താൻ താത്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് വരണമെന്നും ജന്തർ മന്തറിൽവച്ച് ചർച്ച നടത്തണമെന്നുമാണ് സംഘടനയുടെ നിലപാട്.
പ്രതിഷേധസ്ഥലത്തെ സുരക്ഷ സംബന്ധിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ സമീപത്തെ മറ്റൊരു നിഷ്പക്ഷ വേദിയിൽ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും സൗരവ് ദാസ് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ആത്മാർഥമായ ഉദ്ദേശ്യം സർക്കാരിനുണ്ടാകണം. ഫലമില്ലാത്ത ചർച്ചകൾക്കായി സമയം പാഴാക്കാൻ കഴിയില്ലെന്നും വിഷയപരിഹാരത്തിനുള്ള ഗൗരവമായ ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിലെത്തിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് തുടങ്ങിയവർ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി.

