
തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ ബോർഡിന്റെ ഉപാധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബോർഡിന്റെ അധ്യക്ഷൻ.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെയും ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് മന്ത്രിമാരുടെ പ്രതിനിധികളായി ബോർഡിലുള്ളത്.
സംസ്ഥാനത്തിന്റെ വിഭവങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും വികസന മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്നതിൽ സർക്കാരിന് മാർഗനിർദേശം നൽകുകയാണ് ആസൂത്രണ ബോർഡിന്റെ പ്രധാന ചുമതല. വികസനപദ്ധതികളുടെ രൂപവത്കരണത്തിനാവശ്യമായ നിർദേശങ്ങളും ബോർഡ് സമർപ്പിക്കും.
സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളുന്ന ‘സാമ്പത്തിക അവലോകന റിപ്പോർട്ട്’ എല്ലാ വർഷവും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ആസൂത്രണ ബോർഡാണ്.


