
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും.
ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത മാസം 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.


