
ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്ന നടപടികൾ പൂർണമായും നീതിപൂർവവും സുതാര്യവുമായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച ശേഷമേ ഒരാളുടെ പൗരത്വത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവൂ എന്നും കോടതി നിർദേശിച്ചു.
അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. ഗുവാഹത്തി ഹൈക്കോടതിയും ഈ തീരുമാനം ശരിവെച്ചിരുന്നു.
ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, ട്രൈബ്യൂണൽ ഉത്തരവും ഹൈക്കോടതി വിധിയും റദ്ദാക്കി. ഹർജിക്കാരുടെ കേസുകൾ വീണ്ടും പരിശോധിച്ച് നിയമാനുസൃതമായി പുതിയ തീരുമാനം എടുക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി.
ഒരു വ്യക്തിയുടെ പൗരത്വം പരിശോധിക്കാനും നിർണയിക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അതിനായി സ്വീകരിക്കുന്ന നടപടികൾ ന്യായസംഗതവും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായിരിക്കണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പൗരത്വം ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള വിഷയമാണെന്നും അതിനാൽ നടപടിക്രമങ്ങളിലെ പിഴവുകൾ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.


