
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിയിൽ വെല്ലുവിളിപരമായ പ്രതികരണം നടത്തി. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ച് കൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല” എന്നായിരുന്നു പ്രതിയുടെ പ്രതികരണം.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചെന്താമര പ്രകോപനപരമായി സംസാരിച്ചത്. തനിക്കു തടസ്സം നിൽക്കുന്നവർ ആരായാലും അതേ രീതിയിൽ നേരിടുമെന്നും പ്രതി പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് കേസിലെ പ്രതി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഭാര്യയും മകളും പിണങ്ങിപ്പോയതിന് അയൽവാസിയായ സജിതയും കുടുംബവുമാണ് കാരണമെന്ന സംശയമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.


