
മനാമ: ബഹ്റൈനിലെ ഗാർഹിക തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന സേവനാവസാന ഗ്രാറ്റുവിറ്റി ആനുകൂല്യം പൂർണമായും നിർത്തലാക്കണമെന്ന നിർദേശം പാർലമെന്റിന്റെ പരിഗണനയിൽ. ബഹ്റൈനി തൊഴിലുടമകളുടെയും സ്വദേശി കുടുംബങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.
നിലവിലെ നിയമപ്രകാരം, ഗാർഹിക തൊഴിലാളികൾക്ക് സേവനത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ ഓരോ വർഷത്തിനും അര മാസത്തെ ശമ്പളവും, തുടർന്നുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റിയായി നൽകണം.
വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, തോട്ടം തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, നാനിമാർ എന്നിവരുൾപ്പെടെയുള്ള ഗാർഹിക ജീവനക്കാരെയാണ് നിർദേശം നേരിട്ട് ബാധിക്കുക.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചതായി നിർദേശത്തെ പിന്തുണയ്ക്കുന്ന എംപിമാർ ചൂണ്ടിക്കാട്ടി. നേരത്തെ 100 ബഹ്റൈൻ ദീനാറിൽ താഴെയായിരുന്ന പ്രതിമാസ ശമ്പളം നിലവിൽ 120 മുതൽ 180 ദീനാർ വരെയായി ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ വിസ, റിക്രൂട്ട്മെന്റ് തുടങ്ങിയ നടപടികൾക്കായി 2,000 ബഹ്റൈൻ ദീനാറിലധികം ചെലവാകുന്നതായും അവർ പറഞ്ഞു.
വർധിച്ചുവരുന്ന നിയമനച്ചെലവിനൊപ്പം സേവനാവസാന ഗ്രാറ്റുവിറ്റിയും നൽകേണ്ടിവരുന്നത് സ്വദേശി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് എംപിമാരുടെ നിലപാട്.
അതേസമയം, നിർദേശം പാർലമെന്റിന്റെ പരിഗണനയിലുള്ള ഘട്ടത്തിലാണ്. ബന്ധപ്പെട്ട സമിതികളുടെ പരിശോധനയ്ക്കും തുടർ നിയമനടപടികൾക്കും ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.


