
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. മോഷ്ടിച്ച പണം മറച്ചുവെക്കാനും അതിലൂടെ ലാഭം നേടാനുമായി പ്രതികൾ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. സംഭാവനകൾ എണ്ണുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാത്തവിധം ചെറിയ തുകകളായി പണം മാറ്റിയ ശേഷമാണ് പ്രതികൾ വിവിധ നിക്ഷേപങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
മോഷ്ടിച്ച പണം ഉടൻ ചെലവഴിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും പലിശയ്ക്ക് നൽകുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പ് മറച്ചുവെക്കുന്നതിനായി വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പണത്തിന്റെ ഉറവിടം കണ്ടെത്താതിരിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റി പിന്നീട് സ്വന്തം അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിച്ച രീതിയും അന്വേഷണത്തിൽ പുറത്തുവന്നു.
കേസിലെ പ്രതികളായ അനുകൽപ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളിൽ പൊലീസ് വീണ്ടും പരിശോധന നടത്തി. ഇവരെ 40 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലാണ് പരിശോധനകൾ നടക്കുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് മറ്റ് സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ, ഈ തട്ടിപ്പിലൂടെ മറ്റാർക്കെല്ലാം സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി പ്രതികളുടെ ട്രേഡിംഗ് സ്റ്റേറ്റ്മെന്റുകളും ഡിജിറ്റൽ പേയ്മെന്റ് രേഖകളും വിശദമായി പരിശോധിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.


