
തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് ഹമിഷദാസ് പരിചയപ്പെട്ടത്. തുടർന്ന് പീച്ചി ഡാമിൽ വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വർണമാല യുവതി ഊരി ധരിച്ചതായി പരാതിയിൽ പറയുന്നു. യുവാവ് എതിർത്തപ്പോൾ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈക്കലാക്കി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനിടെ യുവാവിന് പരിക്കേറ്റതായും പരാതിയിൽ പരാമർശമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ സംഘം യുവതിയെ പിടികൂടുകയായിരുന്നു.


