
മനാമ: സുരക്ഷാ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ യുവാവ് അറസ്റ്റിൽ. 29 വയസ്സുള്ള യുവാവിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ അവരുടെ ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത് നിയമലംഘനമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


