
മനാമ : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA)യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ, ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും രേഖപ്പെടുത്തിയ പ്രതിജ്ഞാപത്രത്തിൽ KSCA അംഗങ്ങൾ ഒപ്പുവെച്ചു. KSCA പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. KSCA ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗതിക്ക് വ്യക്തികളുടെ ആത്മാർത്ഥമായ പ്രതിബദ്ധതയും മൂല്യാധിഷ്ഠിത ജീവിതവുമാണ് ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ബിനു മണ്ണിൽ വിശ്വസ്തത വ്യക്തിബന്ധങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയാണെന്ന് പറഞ്ഞു. കുടുംബത്തിൽ വിശ്വാസവും പരസ്പര ബഹുമാനവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും, കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗത്തിൽ ജാഗ്രത പുലർത്തിക്കൊണ്ട് ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ജീവിതത്തിൽ പകർന്നു നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യാതിഥികളായ അഡ്വ. ബിനു മണ്ണിൽ, ശ്രീ പാമ്പാവാസൻ നായർ എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും, മികവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി ഭാരവാഹികൾ, KSCA അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
രഞ്ചുഷ രാജേഷ് വേദി നിയന്ത്രിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ. നന്ദി രേഖപ്പെടുത്തി.


