ചെന്നൈ: തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രമുഖ സംവിധായകനും നടനുമായ ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്.

ആറ് തവണ ദേശീയ പുരസ്കാരം നേടിയ ഭാരതിരാജയെ രാജ്യം “പത്മശ്രീ” നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ഗ്രാമീണ പശ്ചാത്തലവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി.
1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധായകനെന്നതിലുപരി അഭിനേതാവായും ഭാരതിരാജ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ “തുടരും” എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

2020 ൽ സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംവിധായകർക്കും അഭിനേതാക്കൾക്കും പ്രചോദനമായിരുന്നു.
ഭാരതിരാജയുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയുടെ സുവർണകാലത്തെ ഓർമ്മിപ്പിക്കുന്ന അനശ്വര സൃഷ്ടികളിലൂടെ അദ്ദേഹം എന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും.

