
ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാൻ അടിസ്ഥാനമാക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക പരാമർശം.
പ്രണയബന്ധം തകർന്നതിനെ തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായിരുന്ന യുവാവിന്റെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം.
പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ബന്ധത്തെ അടിസ്ഥാനമാക്കി ഒരാളുടെ ധാർമികതയെയോ സ്വഭാവത്തെയോ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ സാഹചര്യങ്ങൾ പരിശോധിക്കാതെ, വ്യക്തിയുടെ സ്വകാര്യബന്ധത്തെ മാത്രം അടിസ്ഥാനമാക്കി സർക്കാർ നിയമനം റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. വ്യക്തിയുടെ സ്വഭാവ വിലയിരുത്തൽ നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.


