
മനാമ : പ്രവാചകശ്രേഷ്ഠൻ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുറങ്ങുന്ന മണ്ണിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് ഒരുമിച്ചു കൂടിയ ജനലക്ഷങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു.

ബഹ്റൈൻ സുന്നി ഔഖഫിന്ന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവെർനെസ്സ് സെന്റർ മലയാള വിഭാഗം ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


ഹൂറ ഉമ്മ് ഐമാൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് സ്വാലിഹ് അൽ ഹികമി, അബ്ദു റഹ്മാൻ കാരാട്ടിൽ എന്നിവരും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂളിൽ നടന്ന നമസ്കാരത്തിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകി.

ഏക ദൈവ വിശ്വാസത്തിന്റെ പാതയിൽ അചഞ്ചലനായി നിലയുറപ്പിച്ച ഇബ്രാഹിം നബിയുടെ മാതൃക വിശ്വാസികൾക്ക് ലോകാവസാനം വരെ നിലനിൽക്കുന്ന മാർഗ്ഗ നിർദ്ദേശമാണ് നൽകുന്നതെന്ന് പ്രബോധകർ തങ്ങളുടെ പ്രഭാഷണത്തിൽ സദസ്സിനെ ഓർമ്മിപ്പിച്ചു.

തങ്ങളുടെ ജീവിതത്തിൽ ഉടനീളം അത്തരം മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.


