
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് പുനരന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.


