
മനാമ: ബഹ്റൈനില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന രണ്ടു നിയമഭേദഗതികള്‍ പാര്‍ലമെന്റ് പാസാക്കി.
റെസിഡന്‍സി പെര്‍മിറ്റ് അവസാനിക്കുന്ന ദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും അവസാനിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഒരു ഭേദഗതി. ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് അധിക വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ ഭേദഗതി.
പ്രവാസി തൊഴിലാളികളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുന്നത് റോഡുകളില്‍ ഗതാഗത പ്രതിസന്ധിയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചില എം.പിമാര്‍ ഈ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഈ ഭേദഗതികളെ എതിര്‍ത്തിരുന്നു. പാര്‍ലമെന്റില്‍ ചില എം.പിമാരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം എം.പിമാര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് ഭേദഗതികള്‍ പാസാക്കുകയായിരുന്നു.


