
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി.
തിരച്ചിലാരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനം വകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1,500 അടി താഴ്ചയില്‍ ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദ വെള്ളച്ചാട്ടത്തില്‍ വീണെന്ന് സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് അതിനുള്ള സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്നറിഞ്ഞത്. ശ്രീനന്ദയ്ക്കൊപ്പമെത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ 15 പേര് അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു.


