
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവുശിക്ഷയും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ഏപ്രില്‍ 13ന് പരിഗണിക്കും.
ഒരു ഏഷ്യന്‍ രാജ്യത്തുനിന്നാണ് ഇവര്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പരിശോധിക്കുന്നതിനിടയില്‍ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി. ചോദ്യം ചെയ്യലില്‍ നിയമവിരുദ്ധമായ ഒന്നും ബാഗുകളിലില്ലെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ബാഗുകളില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആറു പാക്കറ്റുകളിലായാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്.


