
മനാമ: എൽഡിഎഫ് തുടർഭരണം ഉറപ്പുവരുത്തുന്നതിലൂടെ സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയം കേരളത്തിൻ്റെ സാഹോദര്യ ഭൂമികയിൽ സ്ഥാപിക്കനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭരണം സ്ഥാപിക്കുന്നതിന് സംഘപരിവാറിന് എന്നും തടസമായത് വിവിധ മതസാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള സാഹോദര്യവും സൗഹൃദവും ശക്തമായ രണ്ട് മതേതര മുന്നണികളുടെ സാന്നിദ്ധ്യവുമായിരുന്നു. ഇത് തകർക്കുക എന്ന ബി.ജെ.പി പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി സി.പിഎം അധികാരത്തിലിരുന്ന് നടപ്പിലാക്കിയത്. തുടർ ഭരണ അഹങ്കാരത്തിൽ ഇടതു മതനിരപേക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് സംഘപരിവാർ നരേഷനുകൾ ഏറ്റെടുത്ത സിപിഎമ്മിനെ തീരുത്താനും ഇടത് മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്കിന്ന് വഴിയൊരുക്കാനുമുള്ള അവസരമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ മതേതര ജനാധിപത്യ വ്യവസ്ഥ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സോഷ്യൽ ഫാബ്രിക്കിനെ സംരക്ഷിക്കുന്നതിനും ബിജെപിയുടെ വംശീയ വിദ്വേഷ വിഭജന അജണ്ട തകർക്കുന്നതിനും വേണ്ടി ബംഗാളും ത്രിപുരയും മുന്നിൽ വെച്ച് ഇടതുപക്ഷ സുഹൃത്തുകൾ നിലപാട് എടക്കണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംഘടനാപരമായ താൽപര്യങ്ങളെക്കാൾ സംസ്ഥാനത്തിൻ്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ സംഘപരിവാറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് ഇടതു സർക്കാരിന്റെ നിലപാടുകൾ കാരണമാകുന്നു. രാജ്യത്തെ നിയമവ്യവസ്ഥയും ജനാധിപത്യവും മതേതരത്വവും ഗുരുതര പ്രതിസന്ധിയിലാണ്.
സംഘപരിവാർ നടത്തിയ വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ഇടതു ഭരണത്തിന്റെ തുടർച്ച സംഘപരിവാറിന് കൂടുതൽ ഗുണകരമാകും. അതിനാൽ മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ യുഡിഎഫിന് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ച പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഇർഷാദ് കോട്ടയം നിയന്ത്രിച്ചു.


