
ന്യൂയോര്‍ക്ക്: ബഹ്റൈന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യു.എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ലാന നുസൈബെ, ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റൊവൈ, ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ. സ്ഥിരം പ്രതിനിധി അംബാസഡര്‍ മുഹമ്മദ് അബുഷാഹ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മേഖലയിലെ സംഭവവികാസങ്ങള്‍, ജി.സി.സി. അംഗരാജ്യങ്ങളിലും മറ്റ് അറബ് രാജ്യങ്ങളിലും ഇറാന് നടത്തുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍, പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അവ ചെലുത്തുന്ന സ്വാധീനം, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന്റെ അപകടസാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.


